Advertisement

ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന പൈലറ്റാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്.

സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്

പൂന്തുറയിൽ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി അഭിമാന നേട്ടം

തിരുവനന്തപുരം: ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന പൈലറ്റാകണമെന്ന സ്വപ്നം സാക്ഷാത്കരിച്ച് പൂന്തുറ സ്വദേശിനി കരിഷ്മ ബിൻരാജ്. ദക്ഷിണാഫ്രിക്കയിൽ പരിശീലനം പൂർത്തിയാക്കി കരിഷ്മ Private Pilot Licence (PPL) സ്വന്തമാക്കി. കുടുംബത്തിൽ ആദ്യമായി പൈലറ്റ് ആകുന്ന വ്യക്തിയെന്ന പ്രത്യേകതയും കരിഷ്മയ്ക്കുണ്ട്.


പത്ത് വയസ്സുള്ളപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന ബന്ധുവായ ശ്രുതി മോൾ പൂന്തുറ വിമാനയാത്രകളെയും വനിതാ പൈലറ്റുമാരെയും കുറിച്ച് പറഞ്ഞിരുന്ന കഥകളാണ് കരിഷ്മയുടെ മനസ്സിൽ പൈലറ്റാകണമെന്ന ആഗ്രഹത്തിന് തുടക്കമിട്ടത്. പിന്നീട് പഠനകാലത്തും സുഹൃത്തുക്കളോടും താൻ ഒരിക്കൽ പൈലറ്റാകുമെന്ന് കരിഷ്മ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.


പൂന്തുറയിലെ സാധാരണ മധ്യവർഗ കുടുംബത്തിൽ നിന്നുള്ള സഹായ രാജുവിന്റെയും മേരി വസന്തയുടെയും മകളായ കരിഷ്മയ്ക്ക് സാമ്പത്തിക പരിമിതികളും ഭാവിയിലെ തൊഴിൽസാധ്യതകളെക്കുറിച്ചുള്ള ആശങ്കകളും വലിയ വെല്ലുവിളികളായിരുന്നു. വ്യോമസേനയിലൂടെ പൈലറ്റ് പരിശീലനം നേടാനുള്ള ശ്രമവും ചില സാഹചര്യങ്ങളാൽ സാധ്യമായില്ല.
എന്നാൽ സ്വപ്നം ഉപേക്ഷിക്കാൻ കരിഷ്മ തയ്യാറായില്ല. 25-ാം വയസ്സിൽ തന്റെ സ്വപ്നത്തിനായി നിർണായകമായ തീരുമാനം എടുത്ത അവർ വായ്പയെടുത്ത് ദക്ഷിണാഫ്രിക്കയിലെത്തി വിമാന പറത്തൽ പരിശീലനം ആരംഭിച്ചു.
പരിശീലന കാലയളവിൽ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദ്ദങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകാതെ കരിഷ്മ മുന്നേറി. ഒടുവിൽ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായി Private Pilot Licence സ്വന്തമാക്കുകയായിരുന്നു.


“ഞാൻ എത്തിയത് ലക്ഷ്യസ്ഥാനത്തല്ല, യാത്രയുടെ തുടക്കത്തിലാണ്. എന്നാൽ ഒരിക്കലും ഉപേക്ഷിക്കാതിരുന്ന ആ പത്ത് വയസ്സുകാരിയുടെ സ്വപ്നം ഇന്ന് യാഥാർഥ്യമായതിൽ ഏറെ അഭിമാനമുണ്ട്,” എന്നതാണ് കരിഷ്മയുടെ നിലപാട്.
തന്റെ നേട്ടത്തിന് പിന്നിൽ ദൈവാനുഗ്രഹത്തിനും തനിക്കൊപ്പം നിന്നവർക്കും കരിഷ്മ നന്ദി അറിയിച്ചു. ജീവിതത്തിലെ സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നും, വൈകിയാലും സ്വന്തം സ്വപ്നങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും അവർ മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!