1 min read

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്

നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് ഈ മാസം 27-ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് വൈകുന്നേരം 3.30-നായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 11077 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് ആകെ നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി വി അന്‍വര്‍ 19,760 വോട്ടുകളും നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് ലഭിച്ചത് 8,648 വോട്ടുകളായിരുന്നു. നിലമ്പൂരിലെ പരാജയത്തോടെ കേരള നിയമസഭയിലെ എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം 99ല്‍ നിന്ന് 98 ആയി ചുരുങ്ങി.

വോട്ടെണ്ണലിൻ്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്. ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചത്. 2016ല്‍ പി വി അന്‍വറിനോട് നിലമ്പൂരില്‍ പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ചാണ് വിജയിച്ചത്.

നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ ആര്യാടന്‍ ഷൗക്കത്ത് പതിനാലാം വയസില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെഎസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!