1 min read

സഭ ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും

നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. ശബരിമല സ്വർണമോഷണ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് നിശ്ചയിച്ചതിലും ഒരു ദിവസം മുൻപ് സഭ പിരിയുന്നത്. സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏക കിടപ്പാട സംരക്ഷണ ബിൽ അടക്കം നാല് ബില്ലുകൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചക്കായി ഡൽഹിയിൽ പോയിരിക്കുന്നതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിൽ ഉണ്ടാകില്ല.

അതേസമയം കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. പത്തനംതിട്ട പഴയ ബസ്റ്റാൻഡ് മൈതാനിയിൽ വൈകുന്നേരം നാലുമണിക്കാണ് പ്രതിഷേധ പരിപാടി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും. ഇതേസമയത്തു തന്നെ സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്യോതി തെളിക്കും.

കോൺഗ്രസിന്റെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും വിശ്വാസ സംഗമത്തിൽ പങ്കെടുക്കും. ‌സ്വർണ്ണ മോഷണ വിവാദത്തിൽ തുടർ സമരങ്ങളിലൂടെ നേട്ടം ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിശ്വാസ സംഗമത്തിന് പിന്നാലെ ഈ മാസം 14 മുതൽ കോൺഗ്രസിന്റെ മേഖലാജാഥകൾ ആരംഭിക്കും. നാല് മേഖലകളിൽ നിന്നുള്ള ജാഥ ഈ മാസം 18ന് പന്തളത്ത് സമാപിക്കും. സ്വർണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!