
ശിവഗിരി: ശിവഗിരി മഠത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ രാവിലെ 9 മണിക്ക് ചലച്ചിത്രതാരം ദേവന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാമി പരാനന്ദ ദീപം തെളിക്കും.

വിദ്യാദേവതയായ ശ്രീശാരദാദേവിയുടെ സന്നിധിക്കു മുന്നിലുള്ള ശ്രീനാരായണ മഹാസമാധി നവതിസ്മാരക മന്ദിരത്തിലാണ് പരിപാടികള്‍ നടക്കുക. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറര്‍ സ്വാമി ശാരദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റര്‍ സ്വാമി അവ്യയാനന്ദ, ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ശിവനാരായണ തീര്‍ത്ഥ, ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ സ്വാമി വിരജാനന്ദഗിരി എന്നിവര്‍ പ്രസംഗിക്കും.

കലാപരിപാടികള്‍ക്കു മുന്നോടിയായി എല്ലാ ദിവസവും രാവിലെ ജനനീ നവരത്നമഞ്ജരി കൃതി പഠനക്ലാസ് നടക്കും. ഇന്ന് രാവിലെ 11.30ന് പള്ളിപ്പുറം ജ്ഞാനാമൃതം ഗുരുദേവ കൃതി പഠനസംഘത്തിന്‍റെ ഗുരുദേവ ഭജനയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. 12.50ന് അമ്പലപ്പുഴ പി. വി. വിജയന്‍ അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ ആലാപനം, 2 ന് കോട്ടയം എസ്.എന്‍.ഡി.പി. ശാഖാ ഇടമറ്റം ശ്രീശാരദാ തിരുവാതിരക്കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 2.15 ന് മീനച്ചില്‍ എസ്.എന്‍.സി.ടി.അവതരിപ്പിക്കുന്ന ഗുരുദേവകൃതികളുടെ ആലാപനം. 3 ന് വര്‍ക്കല ഭാവ മ്യൂസിക്കിന്‍റെ ഭക്തിഗാനസുധ. 4 ന് തച്ചന്‍കോണം ഗുരുസ്മൃതിയുടെ ഗുരുദേവ ഭജന്‍സ്. 5 ന് വര്‍ക്കല ജി.ടി. ഡാന്‍സിക് ഫൗണ്ടേഷനും 6 ന് ഷാജിമോന്‍ ഒളശ, മനോഹര്‍ജി വര്‍ക്കല, ഷോണി ജി. ചെറുവിള, മൈഥിലി എന്നിവരുടെ ഭക്തിഗാനസുധയും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ഈ മാസം 20 വരെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ള കലാസംഘടനകള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.













Leave a Reply