കേജ്‍രിവാളിനെ വീഴ്ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ?;
ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്‍രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്.

ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്‍രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്.

മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.

ഡൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയെ ബിജെപി കളത്തിലിറക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വെസ്റ്റ് ഡൽഹിയിൽനിന്ന് 2 തവണ എംപിയായ നേതാവാണ് പർവേഷ്.

സന്ദീപ് ദീക്ഷിതിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 3 തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണു സന്ദീപ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഈസ്റ്റ് ഡൽഹിയിൽനിന്ന് എംപിയുമായി.


