സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന യാഥാസ്ഥിത മതസങ്കല്‍പ്പങ്ങളില്‍ മാറ്റം വരണം- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
1 min read

സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന യാഥാസ്ഥിത മതസങ്കല്‍പ്പങ്ങളില്‍ മാറ്റം വരണം- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

തിരുവനന്തപുരം : ആത്മീയയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന യാഥാസ്ഥിതിക മതസങ്കല്‍പ്പങ്ങള്‍ക്കും ചിന്തകള്‍ക്കും മാറ്റം വരണമെന്നും സത്രീകളെ അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടതാണ് നമ്മുടെ രാജ്യത്തിന്റെ ഇരുണ്ടകാലഘട്ടമെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.

പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ച് ശാസ്തമംഗലം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
യാഥാസ്ഥികവാദികളായ ന്യൂനപക്ഷങ്ങള്‍ മതങ്ങള്‍ക്കുളളില്‍ ഉള്‍പ്പോര് സൃഷ്ടിക്കുന്നു. ഇന്ന് യുദ്ധങ്ങള്‍ മതങ്ങള്‍ തമ്മിലല്ല, മതങ്ങളിലെ ഉള്‍പ്പിരിവുകള്‍ തമ്മിലാണ്. ആചാര്യന്‍മാരുടെ ജീവിതകാലഘട്ടം അവസാനിക്കുമ്പോള്‍ വിശ്വാസങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നു. ആചാര്യന്‍മാരും ഗുരുക്കന്‍മാരും പ്രവാചകന്‍മാരുമൊന്നും ജാതീയമായി കേന്ദ്രീകരിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തിട്ടില്ല. അവരുടെ കാലശേഷമാണ് ജാതിയുടെ വേലിക്കെട്ടുകള്‍ സൃഷ്ടിക്കപ്പെടുതെന്ന് സ്വാമി പറഞ്ഞു.

ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ. റ്റി.എസ്.സോമനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി സൂക്ഷമാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ആരാണ് ഞാൻ എന്ന് സ്വയം തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ ആത്മീയതയെന്നും ജീവിതത്തിൽ ചിന്തകളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കാനല്ല, മാനേജ് ചെയ്യാനാണ് ഓരോരുത്തരും പഠിക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

ചടങ്ങില്‍ സ്വാമി ഗുരുസവിധ് , ജനനി കൃപ ജ്ഞാന തപസ്വിനി, സ്വാമി ആത്മധര്‍മ്മന്‍, ജനനി സുകൃത എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ സുദീപ്.പി, കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ മുരുകന്‍. വി, ദീപ.എസ്.എസ്, സത്പ്രിയന്‍.എസ്.എം, അഡ്വ.ദിവ്യ.ജെ, ശിവന്‍.ജി.നായര്‍, ശുഭകുമാരി. എന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശാന്തിഗിരി ആദ്ധ്യാത്മിക മാസികയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ‘ഗുരുവിനെ അറിയാന്‍‘ എന്ന ക്യാമ്പയിനും സത്സംഗത്തില്‍ തുടക്കമായി. ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളവും രാജ്യാന്തരതലത്തിലും സത്സംഗങ്ങളും സമ്മേളനങ്ങളും നടന്നുവരികയാണ്. ഫെബ്രുവരി 15 ന് മലപ്പുറം തെയ്യാലയിലും 16 ന് കോഴിക്കോട് വിശ്വജ്ഞാനമന്ദിരത്തിലും നടക്കുന്ന സത്സംഗങ്ങളില്‍ ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കും.

ഫെബ്രുവരി 22 നാണ് പൂജിതപീഠം സമര്‍പ്പണം. എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാന്‍ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും എന്ന ഗുരുവാക്കിനെ അന്വര്‍ത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകള്‍ കടന്ന്  ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണ് പൂജിതപീഠം സമര്‍പ്പണദിനമായി ആഘോഷിക്കുന്നത്.  അന്നേ ദിവസം അര്‍ദ്ധവാര്‍ഷിക കുംഭമേളയോടെ ഇക്കൊല്ലത്തെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ഫോട്ടോ : ശാന്തിഗിരി പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ ഭാഗമായി ശാസ്തമംഗലം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സത്സംഗത്തിന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശിവഗിരി മഠം ഡയറക്ടര്‍ ബോര്‍ഡ് അംഗം സ്വാമി സൂക്ഷമാനന്ദ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിക്കുന്നു. ശാന്തിഗിരി ഫൌണ്ടേഷന്‍ സി.ഇ.ഒ സുദീപ്.പി, സബീര്‍ തിരുമല, സ്വാമി ഗുരുസവിധ്, ഡോ.റ്റി.എസ്. സോമനാഥന്‍, മുരുകന്‍.വി, സ്വാമി ആത്മധര്‍മ്മന്‍, ജനനി കൃപ, ജനനി സുകൃത തുടങ്ങിയവര്‍ സമീപം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!