ഗില്ലൻബാരി സിൻഡ്രോം-സംസ്ഥാനത്ത് ആദ്യ മരണം.
മൂവാറ്റുപ്പുഴ: ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് വാഴക്കുളം കാവനയില്‍ 58കാരൻ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാല്‍ ആരോഗ്യവകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി ഒന്നിനാണ് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന നാഡീ സംബന്ധമായ അവസ്ഥയാണ് ഗില്ലൻബാരി സിൻഡ്രോം.ലക്ഷത്തില്‍ ഒന്നോ രണ്ടോ പേർക്ക് മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്. കൃത്യസമയത്തെ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും ഫിസിയോതെറാപ്പിയും കൊണ്ട് രോഗശമനം ഉണ്ടാകും.


