യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി എംഡി സ്ഥാനമൊഴിയുന്നു എന്ന വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവും – കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – lNTUC ജനറൽ സെക്രട്ടറി പി ബിജു
വാട്ടർ അതോറിറ്റിയെ തകർക്കരുത് ഐ എൻ റ്റി യു സി
യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിയുന്നു എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും, ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ ജീവനക്കാരുടെ ഐക്യത്തേയും സ്ഥാപനത്തെയും തകർക്കുവാനെ ഉതകുകയുള്ളു എന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – ഐ എൻ റ്റി യു സി ജനറൽ സെക്രട്ടറി പി ബിജു പറഞ്ഞു.

കേരള വാട്ടർ അതോറിറ്റിയെ മറ്റൊരു KSRTC ആക്കുവാനുള്ള ചിലരുടെ ഗൂഢനീക്കമായും സംശയിക്കേണ്ടിയിരിക്കുന്നു. ജീവനക്കാർ ജോലി ചെയ്യാത്തവരാണന്നും അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചതു മൂലമാണ് എം.ഡി.ക്ക് സ്ഥാനമൊഴിയേണ്ടി വരുന്നതും എന്നുമൊക്കെയുള്ള വാർത്തകൾ പൊതുജനമധ്യത്തിൽ ജീവനക്കാരെ അവഹേളിക്കാൻ വേണ്ടി മാത്രമാണ് . അത്തരം നീക്കങ്ങളെ ജീവനക്കാർ ഒറ്റക്കെട്ടായി നിന്ന് ചെറുക്കുക തന്നെ ചെയ്യുമെന്നും പി ബിജു മാധ്യമങ്ങളോട് ആവർത്തിച്ചു..

കേരളം മുഴുവൻ പ്രവർത്തന പരിധിയും ജൽ ജീവൻ പോലെ ബൃഹത്തായ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്നതുമായ വാട്ടർ അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനം എം.ഡി.ക്ക് തുടക്കം മുതലെ താങ്ങാൻ സാധിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഭരണപരമായ സൗകര്യത്തിന് ജോയിൻ്റ് എം.ഡി.യെ നിയോഗിച്ചെങ്കിലും കേന്ദ്ര കാര്യാലയത്തിലെ ഭരണകക്ഷി യൂണിയനിലെ ചില നേതാക്കളുടെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയുമൊക്കെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചിലപ്പോഴെങ്കിലും തടസ്സം ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ സംഘടനയുടെ ജില്ലാ സെക്രട്ടറിയെ തന്നെ സ്ഥലം മാറ്റേണ്ടി വന്ന സാഹചര്യവും വിലയിരുത്തപ്പെടേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന എം.ഡി.യുടെ നടപടിയിൽ യാഥാർത്ഥ്യം മറച്ച് വെച്ച് പ്രതിപക്ഷ സംഘടനകൾക്കെതിരെ കൂടി നടത്തിയ പരാമർശങ്ങളിൽ ഒരു വസ്തുതയും ഇല്ലാത്തതാണ്.നിലവിലെ എം ഡി അവധി കഴിഞ്ഞ് തിരികെ വരുമ്പോൾ വാട്ടർ അതോറിറ്റിയിൽ തന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട് എന്നും കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – ഐ എൻ റ്റി യു സി ജനറൽ സെക്രട്ടറി പി ബിജു പറഞ്ഞു.
