വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും.
തിരുവനന്തപുരം: 35 കോടി രൂപയുടെ പദ്ധതിക്കുള്ള നിർദേശം അംഗീകരിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പുതിയ പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമിക്കുന്നത്.

ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരമുള്ള പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലേക്കും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും.

ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലേക്കും 80 മീറ്റർ നീളത്തിൽ പാലം പണിയുന്നത്. നദിയിലെ വെള്ളത്തിൽ തൂണുകളുണ്ടാവില്ല.

പകരം ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക. കഴിഞ്ഞവർഷം ജൂലൈ 30-നാണ് ഉരുൾപൊട്ടലിനെത്തുർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയത്.




