സുഹൃത്തുക്കളായ യുവാക്കളെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വർക്കല സ്വദേശി ശ്യാമിൻ്റെയും നെടുമങ്ങാട് സ്വദേശി വിജീഷിൻ്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍.
നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ്(26),സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാം(26)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്തുള്ള രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ഇന്ന് രാത്രി ഒൻപത് മണിയോടെ പരിസര വാസികളില്‍ ചിലരാണ് മൃതദേഹം കണ്ടത്.

ജെസിബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് ഞായറാഴ്ച്ച പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ അടുത്തടുത്തായുള്ള രണ്ട് പറങ്കിമാവ് മരങ്ങളിലെ കൊമ്പുകളില്‍ കുരുക്കിയ കയറിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്തായി ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ശ്യാമും വിജീഷും തമ്മില്‍ സൗഹൃദത്തിലായത് എങ്ങനെ എന്നതും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ല. നെടുമങ്ങാട് പോലീസ് കേസെടുത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു. അല്‍ഫോണ്‍സണ്‍ വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്.മഹേഷ് സഹോദരനാണ്.




