കുവൈത്തില്‍ ഫ്‌ലാറ്റിന് തീപിടിച്ചു, നാലുപേര്‍ മരിച്ചെന്ന് സൂചന; മലയാളികള്‍ അടക്കം നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു
കുവൈത്തില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചെന്ന് സൂചന. മലയാളികള്‍ അടക്കം നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മങ്കെഫ് ബ്ലോക്ക് നാലില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ആദ്യ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ ഉയര്‍ന്നത് എന്നാണ് സൂചന. ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ലാറ്റില്‍ വിശ്രമിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. തീ ഉയര്‍ന്നത് ഉറങ്ങുന്നതിനിടെയായത് കൊണ്ട് പെട്ടെന്ന് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടാന്‍ പലര്‍ക്കും സാധിച്ചില്ല. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഫ്‌ലാറ്റില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. താഴത്തെ നിലയില്‍ നിന്ന് തീ പടരുന്നത് കണ്ട് രക്ഷപ്പെടാന്‍ ഒട്ടേറേപേര്‍ താഴേക്ക് ചാടിയിട്ടുണ്ട് എന്നാണ് വിവരം. പരിക്കേറ്റവരെയും പൊള്ളലേറ്റവരെയും അദാന്‍, ജബൈര്‍ , മുബാറക് എന്നി ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. അഗ്‌നിശമനസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
