വർക്കല : ‘യുവജനശക്തി ലഹരിക്കെതിരെ’ എന്ന സന്ദേശത്തിൽ യു കെ എഫ് എൻജിനീയറിങ് കോളേജ് സംഘടിപ്പിക്കുന്ന യു കെ എഫ് മിനി മാരത്തൺ ഒക്ടോബർ 25ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് പാരിപ്പള്ളി ജംഗ്ഷനിൽ കേരള സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ജി. സഞ്ജീവ്, പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ എ. നിസാർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രശസ്ത വോളിബോൾ താരവും കേരള പോലീസ് വോളീബോൾ ടീം ക്യാപ്റ്റനുമായ ടി എൻ മുഹമ്മദ് ഇഖ്ബാൽ വീശിഷ്ടാഥിതിയാകും.

ആരോഗ്യ സംരക്ഷണത്തിനും ചിട്ടയായ വ്യായാമകാര്യങ്ങളിലേക്കു ശ്രദ്ധയാകർഷിക്കാനും ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുമുള്ള ബോധവൽക്കരണത്തിനായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ 2000ത്തിൽ പരം കോളേജ് വിദ്യാർത്ഥികളും, അധ്യാപകരും, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പാരിപ്പള്ളി പോലീസും, എക്സൈസ് പ്രതിനിധികളും, പാരിപ്പള്ളി പ്രദേശത്തെ സാംസ്‌കാരിക പ്രവർത്തകരും, സ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

യു കെ എഫ് സ്റ്റുഡന്റ്സ് കൗൺസിലിന്റെയും സ്റ്റാഫ് വെൽഫെയർ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ പാരിപ്പള്ളിയിൽ നിന്ന് ആരംഭിച്ച് യു കെ എഫ് കോളേജിൽ സമാപിക്കും.


