ഔദ്യോഗിക വാഹനം കണ്ടം ചെയ്യണമെന്ന് പഞ്ചായത്ത്,
പറ്റില്ലെന്ന് മെക്കാനിക്കൽ ഡിവിഷൻ.

ഇടവ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം കണ്ടം ചെയ്യണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പി ഡബ്ലിയു ഡി മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു. വാഹനം കണ്ടംനേഷനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും, ആയതിനാൽ വാഹനം ഉപയോഗത്തിനായി ആവശ്യമുള്ള മറ്റേതെങ്കിലും സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യണമെന്നും എ എക്സ് ഇ നിർദ്ദേശിക്കുന്നു. വാഹനത്തിന്റെ ഇപ്പോഴത്തെ മതിപ്പു വില 1,30,000/-രൂപയാണെന്നും, വാഹനത്തിന്റെ ഇപ്പോഴത്തെ കണ്ടീഷനും മോഡലും വിപണി വിലയും പരിഗണിച്ചാണ് മതിപ്പുവില നിശ്ചയിച്ചിട്ടുള്ളതെന്നും എ എക്സ് ഇ സെക്രട്ടറിക്കു നൽകിയ കത്തിൽ പറയുന്നു. സർക്കാരിന്റെ 2019ഒക്ടോബർ 16 ലെ 45/2019/പി ഡബ്ലിയു ഉത്തരവ് പ്രകാരമാണ് മതിപ്പുവില നിശ്ചയിച്ചു നൽകിയിട്ടുള്ളത്.

കെ എൽ -16-എച്ച് -123 എന്ന നമ്പരിലുള്ള മഹീന്ദ്ര ബൊലേറോ ജീപ്പാണ് ഇടവ ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം. ആകെ ഈ ഒരു വാഹനം മാത്രമാണ് ഇടവ പഞ്ചായത്തിനുള്ളത്. പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ജീവനക്കാരും ഒക്കെ ഉപയോഗിക്കുന്നത് ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ വാഹനമാണ്.2012ൽ വാങ്ങിയ ഈ വാഹനം 2024സെപ്റ്റംബർ വരെ 1,90,069കിലോമീറ്റർ ദൂരം സഞ്ചരിച്ചിട്ടുണ്ട്. വാഹനം റിപ്പയർ ചെയ്ത വകയിൽ പഞ്ചായത്ത് വലിയൊരു തുക ഇതുവരെ ചിലവഴിച്ചിട്ടുണ്ട്.

ഇനിയും വാഹനം ഉപയോഗിക്കണമെങ്കിൽ 2,74,727/-രൂപ ആവശ്യമായി വരുമെന്ന എസ്ടിമേറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് വാഹനം കണ്ടം ചെയ്യണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടത്. ഇതിനായി അനുമതി നൽകണമെന്ന് കാണിച്ച് പി ഡബ്ലിയു ഡി മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പഞ്ചായത്ത് നൽകിയ കത്തിനാണ് പറ്റില്ല എന്ന മറുപടി ലഭിച്ചിരിക്കുന്നത്.

വാഹനം കണ്ടം ചെയ്ത ശേഷം പുതിയ വാഹനം വാങ്ങാമെന്ന പഞ്ചായത്ത് അധികൃതരുടെ ആഗ്രഹം ഇതോടെ തകർന്നിരിക്കുകയാണ്. നിലവിലുള്ള വാഹനം ഉപയോഗിക്കാനും കഴിയില്ല, പുതിയത് വാങ്ങാനും കഴിയില്ല എന്ന അവസ്ഥയിലാണ് പഞ്ചായത്ത് ഭരണ സമിതി. പഴയ വാഹനത്തിനായി ഇനിയും പണം ചെലവഴിക്കുന്നത് മണ്ടത്തരമാകുമെന്നും, വാഹനം പലപ്പോഴും വഴി മുടക്കിയായി മാറുകയാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് പറയുന്നു. എന്തായാലും പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിത്തരണമെന്ന് വി. ജോയ് എം എൽ എ യോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇടവ പഞ്ചായത്ത് അധികൃതർ.



