ഇന്ത്യ – ഭാരത് പെരുമാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും, ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം
“രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാളും അവരുടെ പ്രവൃത്തികൾക്ക് വലിയ വില നൽകേണ്ടിവരും,” രാഹുൽ പറഞ്ഞു. രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതിൽ തെറ്റില്ലെങ്കിലും, മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് കൂടുതൽ പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ ഭരണഘടനയിൽ രണ്ട് പേരുകളും (ഇന്ത്യ, ഭാരത്) ഉപയോഗിക്കുന്നു. രണ്ടു വാക്കുകളും തികച്ചും നല്ലതാണ്. പക്ഷേ, പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നാക്കിയതാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.”- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നത് ‘ലജ്ജാകരമാണ്’
ഭാരതീയ ജനതാ പാർട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സർക്കാരും വലതുപക്ഷ സംഘടനയായ രാഷ്ട്രീയ സ്വയംസേവ സംഘവും (ആർഎസ്‌എസ്) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്ന് ആരോപിച്ച ഗാന്ധി, രാജ്യത്ത് അത് സംഭവിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും പറഞ്ഞു. പിന്നാക്ക ജാതിക്കാരുടെ അഭിപ്രായ പ്രകടനവും പങ്കാളിത്തവും മുരടിപ്പിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം രാജ്യത്ത് അസ്വസ്ഥത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾ ഉള്ളത് ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിൽ 200 ദശലക്ഷം ആളുകൾ അസ്വസ്ഥത അനുഭവിക്കുന്നുണ്ടെങ്കിൽ, സിഖ് സമുദായത്തിന് ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നുവെങ്കിൽ, സ്ത്രീകൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ, അത് ഞങ്ങൾക്ക് ലജ്ജാകരമായ കാര്യമാണ്. അത് തിരുത്തപ്പെടേണ്ടതാണ്” -അദ്ദേഹം പറഞ്ഞു.
‘ചൈന ഒരു ആഗോള ഭീഷണിയാണ്’
ജി 20 ഉച്ചകോടിയുടെയും ഇന്ത്യ-ചൈന ബന്ധത്തിന്റെയും പശ്ചാത്തലത്തിൽ സംസാരിച്ച ഗാന്ധി, ആഗോള തലത്തിൽ ഉൽപ്പാദന വ്യവസായങ്ങളിൽ ഭൂരിപക്ഷ നിയന്ത്രണം നേടിയ ചൈന “ജനാധിപത്യേതര” രാഷ്ട്രമാണെന്ന് വിമർശിച്ചു.
