വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ചരിത്രം കുറിക്കും? ലോകം ഉറ്റുനോക്കിയിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറ്റം തുടരുകയാണ്. 101 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്.

നിലവിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫല സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക.

സ്വിങ് സ്റ്റേറ്റുകളിൽ നോർത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നത്. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സർവേകൾ. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്.

ഇന്ത്യൻ സമയം വൈകിട്ട് 5.30ഓടെയാണ് (ഏകദേശ സമയം) യുഎസിൽ പ്രാദേശിക സമയം 7 മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.

ഫ്ലോറിഡയിലെ പാം ബീച്ചിലെ പോളിങ് സ്റ്റേഷനിൽ ഭാര്യ മെലാനിയയ്ക്കൊപ്പമെത്തിയാണ് ട്രംപ് വോട്ടുരേഖപ്പെടുത്തിയത്. വലിയ ആത്മവിശ്വാസത്തിലാണ് താനെന്ന് വോട്ടുരേഖപ്പെടുത്തിയ ശേഷം ട്രംപ് പറഞ്ഞു.


കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണൾഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാൽ അതും വേറിട്ട ചരിത്രമാകും.


127 വർഷത്തിനുശേഷം, തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.

പോളിങ് ശതമാനം ഇക്കുറി റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

