സുപ്രിയയും നാനാ പഠോളെയും 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ബിജെപി;

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി.

വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്. സുപ്രിയയുടെയും പഠോളെയുടെയും എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പണം ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കൾക്ക് 707 കോടിയുടെ മൂല്യമുണ്ടെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്.

തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി ബിറ്റ്കോയിന് പകരം പണം വേണമെന്നും പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും സുപ്രിയ ഇടനിലക്കാരനായ ഗൗരവ് മേഹ്തയോട് പറയുന്നതാണ് ഒരു ഓഡിയോ ക്ലിപ്പിലുള്ളത്. മറ്റൊന്നിൽ ‘കഴിഞ്ഞ ദിവസം ചോദിച്ച പണം കിട്ടിയില്ലല്ലോ എന്ന് പഠോളെ അമിതാഭ് ഗുപ്തയോട് ചോദിക്കുന്നതും കേൾക്കാം.

പുറത്തുവന്ന ഓഡിയോ ക്ലിപ് തന്റെ സഹോദരിയായ സുപ്രിയയുടെയും പഠോളെയുടേതുമാണെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാർ പ്രതികരിച്ചു.

എന്നാൽ, സുപ്രിയയും പഠോളെയും ആരോപണം നിഷേധിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ ശബ്ദരേഖയാണ് അതെന്ന് ആരോപിച്ച സുപ്രിയ സുളെ സൈബർ സെല്ലിനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!