ശിവഗിരി: ശ്രീനാരായണ ഗുരുദേവനെയും ഗുരുവിൻറെ ജീവിതത്തെയും ദർശനത്തെയും തലമുറകളിലേക്ക് പകർന്നു നൽകുകയാണ് ശിവഗിരി തീർത്ഥാടന വേളയിലെ കലാസാഹിത്യ മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു .


ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്നുവരുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്വാമി .
മനുഷ്യ പുരോഗതിക്ക് ഗുരുദേവ കൃതികളോളം സ്വാധീനം ചെലുത്തുവാൻ മറ്റൊരു കൃതികൾക്കും സാഹിത്യ ശാഖകൾക്കും കഴിഞ്ഞിട്ടില്ല എന്ന് കാണാം.



വിദ്യാഭ്യാസ ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രചോദനമാകുന്നതാണ് ഗുരുദേവന്റെ ജീവിതവും ദർശനവും. ഈ ദർശനം വരും തലമുറകൾക്ക് ഗുണകരമാകണമെങ്കിൽ നിരന്തരമായ പ്രചരണം അനിവാര്യമാണ്.

ശിവഗിരി തീർത്ഥാടന വേളകളിൽ എല്ലായിപ്പോഴും ഗുരുദേവ കൃതികൾ പഠന വിധേയമാകുന്നത് ഈ തിരിച്ചറിവുകൾ മൂലമാണെന്നും സ്വാമിശുഭാംഗാനന്ദ തുടർന്ന് പറഞ്ഞു .

ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ, തീർത്ഥാടന ജോ : സെക്രട്ടറി സ്വാമി വിരെജാനന്ദ ,കലാ സാഹിത്യമത്സര കമ്മിറ്റി ഭാരവാഹികളായ ഡോ: അജയൻ പനയറ , ഷോണി ജി ചിറവിള, ശോഭനൻ പുത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.

