വാഷിങ്ടൻ∙ സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തിൽ ജാറഡ് ഐസക്മാനും പങ്കെടുത്തിരുന്നു. 41വയസ്സുകാരനായ ഐസക്മാൻ യുഎസിലെ പ്രമുഖ ഓൺലൈൻ പണമിടപാട് കമ്പനിയായ ‘ഷിഫ്റ്റ് 4 പേയ്മെന്റിന്റെ’ സ്ഥാപക സിഇഒ കൂടി ആണ്.

പ്രമുഖ ബിസിനസ് നേതാവും മനുഷ്യസ്‌നേഹിയും ബഹിരാകാശയാത്രികനുമായ ജാറഡ് ഐസക്മാനെ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി നാമനിർദേശം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്.നാസയെ വരും വർഷങ്ങളിൽ ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നീ മേഖലയിൽ മികച്ച നേട്ടങ്ങളിലേക്ക് നയിക്കാൻ ജാറഡിന് സാധിക്കും. കഴിഞ്ഞ 25 വർഷമായി, ഷിഫ്റ്റ് 4 പേയ്മെന്റിന്റെ സ്ഥാപകനും സിഇഒയും എന്ന നിലയിൽ, അസാധാരണമായ നേതൃമികവാണ് ജാറഡ‍് പ്രകടമാക്കിയത്. ഒരു മികച്ച സാമ്പത്തിക സാങ്കേതിക കമ്പനിയെ രാജ്യാന്തര നിലവാരത്തിൽ അദ്ദേഹം കെട്ടിപ്പടുത്തു.



യുഎസ് പ്രതിരോധ വകുപ്പിന് മികച്ച പിന്തുണയാണ് ഈ കമ്പനിയിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്തെ രഹസ്യങ്ങളോടും പ്രപഞ്ചത്തിൽ ഒളിച്ചിരിക്കുന്ന വിസ്മയങ്ങളോടുമുള്ള ജാറഡിനുള്ള അഭിനിവേശം നാസയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാൻ സഹായിക്കും.

ജാറഡിനും ഭാര്യ മോണിക്കയ്ക്കും അവരുടെ മക്കളായ മിലയ്ക്കും ലിവിനും അഭിനന്ദനങ്ങൾ.’’– ജാറഡിനെ നാസ തലപ്പത്തേക്ക് നിയോഗിച്ചു കൊണ്ടുള്ള എക്സ് കുറിപ്പിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

‘‘നാസയുടെ അടുത്ത അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിൽ അഭിമാനമുണ്ട് എന്നും ബഹിരാകാശ മേഖലയിൽ ഏറ്റവും അവിശ്വസനീയമായ സാഹസികതയ്ക്ക് നേതൃത്വം നൽകുന്ന യുഎസിന്റെ പ്രവർത്തനങ്ങളിൽ ഞാൻ ആവേശഭരിതനാണ് എന്നും ജാറഡ് പറഞ്ഞു . രണ്ടാം ബഹിരാകാശ യുഗം ആരംഭിച്ചിട്ടേയുള്ളൂ. ബഹിരാകാശ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് യുഎസിന് സാധ്യതകളുണ്ട്.

