എസ്.എഫ്.ഐ പ്രവർത്തകൻ കൂടിയായ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ കോളേജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തല്ലാനായി വിദ്യാർത്ഥിയെ വെല്ലുവിളിക്കുന്നതും ഈ വീഡിയോയിൽ കാണാം.

ഭിന്നശേഷിക്കാരൻ കൂടിയായ പൂവച്ചൽ സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർത്ഥിയായ അനസ്.

അനസിനെയും സുഹൃത്തായ അഫ്സലിനെയുമാണ് യൂണിറ്റ് റൂമിലേക്ക് കൊണ്ടുപോയി മർദിച്ചത്. കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു


ഡിപ്പാർട്ട്മെൻറ്റ് കമ്മിറ്റി അംഗങ്ങളാണ് തന്നെ യൂണിയൻ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും അനസ് പറഞ്ഞു. നാട്ടിൽ ഡിവൈഎഫ്ഐ യൂണിറ്റ് അംഗം കൂടിയായ അനസ് കോളേജിൽ അഡ്മിഷൻ എടുത്ത സമയത്ത് പ്രാദേശികമായ പാർട്ടി ഇടപ്പെടൽ ഉണ്ടായ ശേഷം തന്നോട് കോളേജിലെ പാർട്ടി ഭാരവാഹികൾക്ക് വ്യക്തി വൈരാഗ്യം ഉണ്ടായെന്നും അനസ് പറഞ്ഞു.


