കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ.

ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല.

ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്.

പുഴുവരിച്ച അരി വിതരണം ചെയ്തതിനെത്തുടർന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ വലിയ സമരം നടത്തി. റവന്യുവകുപ്പ് വിതരണം ചെയ്ത കിറ്റിൽ പഞ്ചായത്തിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ നിലപാട്.


എന്തായാലും നവംബർ ഏഴു മുതൽ കിറ്റ് വിതരണം മുടങ്ങി. പല കുടുംബങ്ങളും പട്ടിണി കൂടാതെ കഴിഞ്ഞുപോയത് ഈ കിറ്റിനെ ആശ്രയിച്ചായിരുന്നു. വാടക വിതരണം ഉൾപ്പെടെ മുടങ്ങുന്നതോടെ എരിതീയിലേക്കു ചാടിയ അവസ്ഥയിലാണു ദുരന്തബാധിതർ.

