അപേക്ഷിച്ച ഉടൻ റേഷൻ കാർഡ്, നന്ദി പറഞ്ഞ് അജയകുമാർ ഘോഷ്

കിളിമാനൂർ സ്വദേശിയായ അജയകുമാർ ഘോഷ് കാൽ നൂറ്റാണ്ടു കാലം പ്രവാസിയായി ജോലി ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടിയതിനാൽ ഏഴു വർഷം മുൻപ് നാട്ടിലെത്തുകയായിരുന്നു.

തുടർന്ന് ജീവിത മാർഗത്തിനായി പലവിധ സംരംഭങ്ങളും നടത്തി നോക്കിയെങ്കിലും നഷ്ടം സംഭവിച്ചതിനെ തുടർന്ന് അവയിൽ നിന്നൊക്കെ പിന്മാറേണ്ടി വന്നു. മാനസികമായും സാമ്പത്തികമായും തകർന്നിരിക്കുന്ന അവസ്ഥയിൽ അജയകുമാറിന്റെ ആരോഗ്യത്തിൽ കരിനിഴൽവീഴ്ത്തി വൃക്കരോഗം സ്ഥിരീകരിച്ചു.

സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് വാടകയ്ക്ക് നൽകി ജീവിതം കരുപിടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ അജയകുമാർ. കെട്ടിട നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. അത് സംബന്ധിച്ച് നടപടികൾ വേഗത്തിലാക്കാൻ അദാലത്തിൽ എത്തിയതായിരുന്നു അജയകുമാർ ഘോഷും ഭാര്യ ശ്രീകുമാരിയും. മന്ത്രി ജി ആർ അനിലിന് മുൻപിൽ ഇരുവരും സങ്കടം അവതരിപ്പിച്ചു.

വൃക്കരോഗത്താൽ ക്ഷീണിതനായിരുന്ന അജയകുമാറിന്റെ സ്ഥിതി മനസ്സിലാക്കിയ മന്ത്രി അവർ നിലവിൽ ഉപയോഗിക്കുന്ന നോൺ പ്രയോറിറ്റി നോൺ സബ്സിഡി (എൻ പി എൻ എസ്) റേഷൻ കാർഡ് മാറ്റി നൽകുന്ന കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. നിലവിൽ പ്രവാസിയല്ലെന്നതും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നതും പരിഗണിച്ച് ചികിത്സ കാർഡായ പിങ്ക് കാർഡ് നൽകാൻ തടസ്സമില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് അദാലത്തിൽ വച്ച് തന്നെ അപേക്ഷ സ്വീകരിച്ച് പി എച്ച് എച്ച് കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് നൽകുകയായിരുന്നു. ജീവിത സങ്കടത്തിന് താൽക്കാലിക ആശ്വാസം ലഭിച്ചതിന് മന്ത്രിയോട് നന്ദി പറഞ്ഞ് അജയകുമാർ ഘോഷും ഭാര്യ ശ്രീകുമാരിയും ചിറയിൻകീഴ് താലൂക്ക് അദാലത്ത് വേദിയിൽ നിന്നുമിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!