ഉഡുപ്പി (കർണാടക): വർക് ഷോപ്പിൽ കാറ്റുനിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു.


സ്വകാര്യ സ്കൂൾ ബസിന്റെ ടയറിൽ കാറ്റുനിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ജോലിയിലേർപ്പെട്ട 19കാരൻ പൊട്ടിത്തെറിയുടെ ശക്തിയിൽ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

കോടേശ്വരയിലെ വാഹന വർക് ഷോപ്പിലാണ് സംഭവം. പഞ്ചറടച്ച ശേഷം കാറ്റുനിറക്കുന്നതിനിടെയാണ് ടയർ പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമീപത്ത് നിർത്തിയിട്ട ഓട്ടോയുടെ മുകളിലേക്ക് ഉയർന്നുപൊങ്ങി യുവാവ് താഴെവീഴുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞത്.

കാറ്റുനിറച്ച് ഇയാൾ ടയറിന് സമീപത്തുനിന്ന് നടക്കാൻ തുടങ്ങുമ്പോഴേക്ക് ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.


