കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിന് കുത്തിവെയ്പ്പിലൂടെ ഉപയോഗിക്കാവുന്ന ഹൈഡ്രോജെൽ ഐഐടി ഗവേഷകർ വികസിപ്പിച്ചു. ഇതിന് പാർശ്വഫലങ്ങള്‍ കുറവായിരിക്കുമെന്ന് മെറ്റീരിയല്‍ ഹോറിസോണ്‍സ് ജേണലിൽ പ്രദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളെയാണ് കാന്‍സര്‍ ബാധിക്കുന്നത്. കീമോതെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയും കാൻസർ കോശങ്ങളെ അല്ലെങ്കിൽ ട്യൂമർ നീക്കം ചെയ്യുന്നതിന് പരിധികളുണ്ട്.

ശസ്ത്രക്രിയയിലൂടെ പലപ്പോഴും മുഴകള്‍ പൂർണമായും നീക്കം ചെയ്യാൻ സാധ്യമല്ല, പ്രത്യേകിച്ച് ആന്തരിക അവയവങ്ങളിൽ. കൂടാതെ കീമോതെറാപ്പിക്ക് പലപ്പോഴും ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.

ഇത് കാന്‍സര്‍ കോശങ്ങളെയും ആരോഗ്യകരമായ കോശങ്ങളെയും ഒരുപോലെ ബാധിക്കാം. ഈ വെല്ലുവിളികളെ മറികടക്കുന്നുകൊണ്ടാണ് ഹൈഡ്രോജെൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഐടി-ഗുവാഹതിയിലെ രസതന്ത്ര വിഭാഗം പ്രൊഫസർ ദേബപ്രതിം ദാസ് പറയുന്നു.

പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ സ്തനാർബുദത്തിന്റെ ഒരു മ്യൂറൈൻ മോഡലിൽ ഹൈഡ്രോജൽ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

കീമോതെറാപ്പി മരുന്നായ ഡോക്സോരുബിസിൻ നിറച്ച ഹൈഡ്രോജല്ലിന്റെ ഒരൊറ്റ കുത്തിവയ്പ്പിലൂടെ 18 ദിവസത്തിനുള്ളിൽ ട്യൂമറിന്റെ വലുപ്പത്തിൽ ഏകദേശം 75 ശതമാനം കുറഞ്ഞതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഹൈഡ്രോജൽ ട്യൂമർ പ്രദേശത്ത് മാത്രം പ്രവർത്തിക്കുന്നതിനാൽ മറ്റ് അവയവങ്ങളിൽ കണ്ടെത്താവുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കാതെ സൂക്ഷിക്കും. നൂതനമായ വിതരണ സംവിധാനം മരുന്നിന്റെ ഫലപ്രാപ്തി വർധിപ്പിക്കുകയും ആവശ്യമായ അളവ് കുറയ്ക്കുകയും അതുവഴി പാർശ്വഫലങ്ങൾ കുറയ്ക്കുകയും ചെയ്യാം.

ഒരൊറ്റ ഡോസ് കൊണ്ട് ട്യൂമറിന്റെ വലിപ്പം പരമാവധി കുറയ്ക്കാൻ കഴിയുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ദാസ് പറയുന്നു. സ്തനാർബുദത്തിന് അപ്പുറം മറ്റ് തരത്തിലുള്ള ട്യൂമറുകളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


