തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി.

മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം ഏതെന്ന് ഇപ്പോൾ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെ – പഴയിടം പറഞ്ഞു.

ഭക്ഷണപ്പുരയിൽ ദിവസവും നാൽപ്പതിനായിരം പേർക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയ്യാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നൽകുന്നത്.

വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്.

പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്.

അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.


