തിരുവനന്തപുരം∙ അനില്‍ അംബാനിയുടെ കമ്പനിയായ ആര്‍സിഎഫ്എലില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ച വിഷയത്തിൽ സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

👉അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളില്‍ 50000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിട്ടും കെഎഫ്സിയും സര്‍ക്കാരും അറിഞ്ഞില്ലേ?

👉കെയര്‍ എന്ന റേറ്റിങ് ഏജന്‍സി ആര്‍സിഎഫ്എല്ലിനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ആശങ്ക രേഖപ്പെടുത്തിയത് കെഎഫ്സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്?

👉സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം കെഎഫ്സി നടത്തുന്ന നിക്ഷേപങ്ങള്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നിരിക്കെ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ?

👉കെഎഫ്സി നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആര്‍സിഎഫ്എല്ലിന്റെ മാതൃ സ്ഥാപനമായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ ?


👉അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെഎഫ്സി നടത്തിയ നിക്ഷേപത്തെക്കുറിച്ചുള്ള വിവരം 2018 ലെയും, 2019 ലെയും കെഎഫ്സി വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയില്‍ മുന്‍പ് രണ്ടു തവണ ചോദ്യം വന്നിട്ടും മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്?


