
പോത്തന്‍കോട് : അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ശാന്തിഗിരി ഫെസ്റ്റ് അവസാനവാരത്തിലേക്ക് കടക്കുമ്പോള്‍ ഓരോ ദിവസവും പുതുമകള്‍ നിറയുകയാണ്. ചിരിക്കാത്ത മനുഷ്യനാണ് ഇപ്പോള്‍ ഫെസ്റ്റിലെ താരം. ഈ മനുഷ്യനെ ചിരിപ്പിച്ചാല്‍ ഒരു ലക്ഷം രൂപയാണ് സമ്മാനം. സന്ദര്‍ശകരായി എത്തിയവര്‍ പല തന്ത്രങ്ങളും പയറ്റിയിട്ടും ഈ മനുഷ്യനെ ചിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചിരിപ്പിക്കാനുളള ചിലരുടെ അഭ്യാസപ്രകടനങ്ങള്‍ കാണികളെ കുടുകുടെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ചിരിക്കാത്ത മനുഷ്യന് യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല. ജനുവരി 15 വരെ വൈകിട്ട് 3 മണി മുതല്‍ 10 മണി വരെയാണ് ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാനുളള അവസരം ലഭിക്കുക. ഫെസ്റ്റ് നഗരിയില്‍ ജലസംഭരണിയുടെ സമീപമാണ് ചിരിക്കാത്ത മനുഷ്യന്റെ വേദി.

പുത്തന്‍പാട്ടുകള്‍ക്ക് ചുവടുവെയ്ക്കുന്ന പാവകളിയാണ് മറ്റൊരാകർഷണം. സിനിമാഗാനങ്ങളിലെ നായികാ നായകന്മാരെപ്പോലെ നൃത്തമാടുകമാത്രമല്ല..വിവിധ അഭ്യാസപ്രകടനങ്ങള്‍ കൂടി കാട്ടിയാണ് പാവകള്‍ കാണികളുടെ മനം കവര്‍ന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അടുത്ത് വന്ന് കൈകൊടുക്കുകയും, അവരുടെ തലമുടിയില്‍ തഴുകിയും ഒരുമിച്ച് ചേര്‍ന്നു നിന്ന് ഡാന്‍സ് കളിച്ചും പാവകള്‍ ഫെസ്റ്റില്‍ വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ചു. . കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ഏറെ കൗതുകത്തോടെയും സന്തോഷത്തോടെയും പാവകളി ആസ്വദിച്ചു. വിരല്‍ത്തുമ്പില്‍ പാവകളെ ചലിപ്പിക്കുന്നത് കലാകാരനായ ശ്യാം ലാലാണ്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ പാവകളി അവതരിപ്പിച്ച് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് വെമ്പായം സ്വദേശിയായ ശ്യാം.

പാവകളി കാണാനും ചിരിക്കാത്ത മനുഷ്യനെ ചിരിപ്പിക്കാനുമായി അവധി ദിവസങ്ങളില്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മെഗാഫ്ലവര്‍ഷോയുടെ ഭാഗമായി വിവിധയിനം റോസ് ചെടികൾ, ഡാലിയ, ബൊഗെയ്ൻ വില്ല, ജമന്തി, പോയിന്റ് സിറ്റി , സൈപ്രസ് തുടങ്ങി നൂറിലധികം ചെടികളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റ് 19 ന് സമാപിക്കും. അവസാനവാരമായതിനാല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.





