നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. പൊലീസ് പിടികൂടി


നെന്മാറ ∙ 2019ൽ സജിതയെ കൊന്നശേഷം കാണാതായ ചെന്താമരയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയെങ്കിലും ഇരട്ടക്കൊലപാതകത്തിനു ശേഷം മുങ്ങിയ ഇയാളെ കണ്ടെത്താൻ പൊലീസ് കഷ്ടപ്പെട്ടു. തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പരിശോധന നടത്തിയ പൊലീസ് പ്രദേശത്തെ കുളങ്ങളും കിണറുകളും വരെ അരിച്ചുപെറുക്കിയിരുന്നു.

പോത്തുണ്ടി വനമേഖലയിലും തിരച്ചിൽ നടത്തി. തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകൾ, പാറമടകൾ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയിൽനിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇയാൾ വിഷം കഴിച്ചു വെള്ളത്തിൽ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്.

തണ്ടർബോൾട്ട് നാലു സംഘങ്ങളായി തിരിഞ്ഞാണ് ഡോഗ് സ്ക്വാഡ് സൂചന നൽകിയ അയ്യപ്പൻകുന്ന് വനമേഖലയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയത്. 2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയതിനു ശേഷം വനമേഖലയിലേക്കു കടന്ന ഇയാളെ സെപ്റ്റംബർ ഒന്നിനു പിടികൂടിയിരുന്നു.

വനത്തിൽ ഒളിച്ചിരുന്ന പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കാടിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ അന്നു പിടിയിലായത്. സജിതയുടെ കെ‍ാലപാതകം നടത്തിയ ചെന്താമര ഒളിച്ചിരുന്ന നെല്ലിയാമ്പതിയിലെ പാറക്കുന്നിലെ ഗുഹയിലും ഇന്നലെ തിരച്ചിൽ നടത്തി.

ഇരട്ടക്കൊലയ്ക്കു ശേഷം രണ്ടു പകലും രണ്ടു രാത്രിയും പൊലീസിനെയും നാട്ടുകാരെയും ഇയാൾ വട്ടം കറക്കിയതു കുറച്ചൊന്നുമല്ല. തിങ്കളാഴ്ച രാവിലെയും ഇന്നലെ പകലും പൊലീസ് പലയിടത്തും തിരഞ്ഞു.

ഇന്നലെ രാത്രിയിലെ തിരച്ചിൽ അതിസാഹസികമായിരുന്നു. നൂറിലധികം പൊലീസും നാട്ടുകാരുമാണ് തിരച്ചിലിൽ പങ്കെടുത്തത്.

ചെന്താമരയെ പലയിടത്തും കണ്ടതായി വിവരം ലഭിച്ചതോടെ ആ ഭാഗത്തെല്ലാം പൊലീസ് അന്വേഷിച്ചു. ചെന്താമരയുമായി മുഖസാദൃശ്യമുള്ള ഒരാൾ നെന്മാറയിൽനിന്നു ബസിൽ കയറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. ഇയാളെ പാലക്കാട് കോട്ടമൈതാനത്തു കണ്ടുവെന്നും ചിലർ പറഞ്ഞു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!