ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത നേരിട്ടത് കൊടിയ പീഡനമെന്ന് പൊലീസ്. പെണ്‍കുട്ടിയെ പ്രതി അനൂപ് അതിക്രൂരമായാണ് ഉപദ്രവിച്ചത്.

അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചെന്ന് കരുതിയാണ് അനൂപ് രക്ഷപ്പെട്ടത്. ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചത് അനൂപ് തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ സംശയരോഗിയാണെന്ന് പൊലീസ് പറയുന്നു. 19-കാരി മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ഇയാള്‍ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്നാണ് അനൂപ് രാത്രി വീട്ടിലേക്ക് എത്തിയത്. പിന്നാലെ മർദ്ദിക്കുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പെണ്‍കുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. അനൂപ് 19-കാരിയുടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു, ശ്വാസം മുട്ടിച്ചു. മരിക്കാൻ തുനിഞ്ഞ പെണ്‍കുട്ടിയോട് ചത്തോയെന്നും ആക്രോശിച്ചു.

പിന്നാലെ പെണ്‍കുട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ചു. മരണവെപ്രാളത്തിനിടെ അനൂപ് ഷാള്‍ മുറിച്ചതോടെ പെണ്‍കുട്ടി താഴെ വീണു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാൻ മുഖം അമർത്തി. ഷാള്‍ കൊണ്ട് കുട്ടിയുടെ കഴുത്തില്‍ മുറുക്കി. അബോധാവസ്ഥയിലായ പെണ്‍കുട്ടിക്ക് അരികില്‍ നാല് മണിക്കൂറോളമാണ് പ്രതി നിന്നത്. പെണ്‍കുട്ടി മരിച്ചെന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു.


ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഒരു വർഷത്തോളമായി അനൂപ് അടുപ്പത്തിലാണ്. സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ അനൂപ് എത്തിയിരുന്നു. ഈ സമയം പുറത്ത് മറ്റൊരാളെ കണ്ടു. പെണ്‍കുട്ടി വിളിച്ചിട്ട് എത്തിയ ആളാണെന്ന് കരുതി ഇരുവരും തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടർന്നായിരുന്നു അതിക്രൂരമായ മർദ്ദനം. ശരീരത്ത് പലഭാഗത്തും അടിയേറ്റ പാടുകളുണ്ട്.

മുറിവില്‍ ഉറുമ്ബരിക്കുന്ന നിലയില്‍ അർധനനഗ്നയായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


