53കാരൻ യുവതിയെ തീകൊളുത്താൻ ശ്രമിച്ചത് കത്തി കാട്ടി ഭീഷണിപ്പെടുത്തി.

കൊച്ചി ∙ ആലുവയിൽ 53 വയസ്സുകാരൻ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചത് മൊബൈൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടർന്നെന്ന് പൊലീസ്.

സംഭവവുമായി ബന്ധപ്പെട്ടു കടുങ്ങല്ലൂർ പഞ്ചായത്ത് കെട്ടിടത്തിൽ അക്ഷയ സെന്റർ നടത്തുന്ന കയന്റിക്കര കൊല്ലംകുന്നിൽ അലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് വിഫലമായത്.

സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: വീട്ടുജോലിക്കാരിയായ യുവതിയും പ്രതിയും മുൻ പരിചയക്കാരാണ്. ഇവർ തമ്മിൽ അകന്നതിനെ തുടർന്നു യുവതി പ്രതിയോടു വീട്ടിൽ വരരുതെന്നു നിർദേശിക്കുകയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

യുസി കോളജിനു സമീപത്തെ വീട്ടിൽ ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ യുവതി സ്കൂട്ടറിൽ കച്ചേരിക്കടവ് റോഡിലൂടെ വരുമ്പോൾ പ്രതി ബൈക്ക് വട്ടം വച്ചു കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോൾ ഒഴിക്കുകയുമായിരുന്നു

യുവതി അടുത്തുള്ള കടയിൽ ഓടിക്കയറി രക്ഷപ്പെട്ടു. തുടർന്നു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു.

ആശുപത്രിയിൽ എത്തി മൊഴിയെടുത്താണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!