ചാലക്കുടി ∙ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവികളിൽ ലഭിക്കാത്തതു പ്രദേശത്ത് വൈദ്യുതി നിലച്ചതിനാൽ. ഉച്ചയ്ക്ക് 2.25 മുതൽ 14 മിനിറ്റ് നേരമാണ് പ്രദേശത്തു വൈദ്യുതി ബന്ധം ഇല്ലാതിരുന്നത്.

ഇതുകാരണം മോഷ്ടാവ് സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ പല സിസിടിവികളിലും പതിഞ്ഞില്ല. സംഭവം നടന്നു 20 മണിക്കൂറിനോട് അടുക്കുമ്പോഴും വൈകാതെ മോഷ്ടാവ് വലയിലാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്.

പോട്ട ചെറുപുഷ്പം പള്ളിക്ക് എതിർവശത്തുള്ള എൽഎഫ് കോംപ്ലക്സിലെ താഴത്തെ നിലയിലാണു ബാങ്ക്. ബാങ്ക് കൂടാതെ 8 വ്യാപാരസ്ഥാപനങ്ങളാണു താഴത്തെ നിലയിലുണ്ടായിരുന്നത്.

ഇവയിലെല്ലാം ജീവനക്കാരുണ്ടായിരുന്നെങ്കിലും പൊലീസ് എത്തി അന്വേഷണം ആരംഭിച്ച ശേഷമാണ് അവർ പോലും മോഷണം നടന്ന വിവരം അറിഞ്ഞത്. കെട്ടിടത്തിന്റെ മുകൾ നിലയിൽ പള്ളിയുടെ ഹാളാണ്. അവ പൂട്ടിക്കിടക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷനും ബസ് സ്റ്റേഷനും വിമാനത്താവളവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല.

ബാങ്കിലേയും പോട്ട പെട്രോൾ പമ്പിലെയും സിസിടിവികളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ല. ഇയാൾ എത്തിയ സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിയാനും സാധിച്ചിട്ടില്ല. മോഷ്ടിച്ച സ്കൂട്ടറാകാം ഇതെന്നാണു പൊലീസ് സംശയിക്കുന്നത്.




