പോത്തൻകോട് : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി. ജനാർദ്ദനൻ മേനോന് പ്രാർത്ഥനകളോടെ വിട നൽകി ശാന്തിഗിരി പരമ്പര. സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തിയത്.


ശാന്തിഗിരി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ച പ്രധാനിയെയാണ് നഷ്ടമായതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. തിരുവനന്തപുരം സതേണ്‍ എയര്‍കമാന്‍ഡ് വാറന്റ് ഓഫീസര്‍ കെ.എന്‍. കൃഷ്ണന്റെ നേതൃത്വത്തില്‍ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,

ഫാ.ജോസ് കരിക്കം, മാണിക്കല്‍ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍.സഹീറത്ത് ബീവി തുടങ്ങിയവരും റിട്ട എയര്‍ഫോഴ്സ് സ്റ്റാഫുകളുടെ കൂട്ടായ്മയായ എയര്‍ വെട്രേയ്ന്‍ അസോസിയേഷന്‍ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിച്ചു.

പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് ഭൗതിക ശരീരം എഡ്യൂക്കേഷൻ സോണില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടക്കം ചെയ്തു. ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസി സന്യാസിനിമാരും ഗുരുഭക്തരും പ്രാര്‍ത്ഥനകളോടെ ചടങ്ങുകളില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി ആശ്രമത്തിൻ്റെ ആദ്യകാല പ്രവർത്തകനും റിട്ട. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനുമായ ജനാർദ്ധനൻ മേനോന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അന്തിമോപചാരം അര്‍പ്പിക്കുന്നു. ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും ഗുരുഭക്തരും ബന്ധുജനങ്ങളും സമീപം.




