ലക്നൗ ∙ ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു. ചന്ദൗലിയിൽ നന്ദൻ കാനൻ എക്സ്‌പ്രസിലായിരുന്നു അപകടം സംഭവിച്ചത്. കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപെട്ടത് എന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ട്രെയിനുകളിലെ കോച്ചുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനത്തെയാണ് കപ്ലിങ്ങെന്ന് പറയുന്നത്.

ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനു സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകൾ വേർപെട്ടത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാൽ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. ട്രെയിനിന്റെ എസ്4, എസ്5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിങ്ങാണ് വേർപെട്ടത്.

