ന്യൂഡൽഹി∙ പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. മണ്ഡല പുനനിർണയം, ഭാഷാ നയം, വഖഫ് ബിൽ വിഷയങ്ങളിൽ സഭ ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനു വേദിയാകാനാണ് സാധ്യത.

അതേസമയം വിവിധ ധനകാര്യ ബില്ലുകൾ സഭയിൽ പാസാക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള മണിപ്പുരിനുള്ള പ്രത്യേക ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു സഭയിൽ അവതരിപ്പിക്കും. ഏപ്രിൽ 4 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം.

പ്രതിപക്ഷം ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പാർട്ടി പ്രതിനിധികളെയും സ്റ്റാലിൻ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ്.

മണിപ്പുർ രാഷ്ട്രപതി ഭരണത്തിൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്നു പ്രമേയം അവതരിപ്പിക്കും.


