‘ഓ ബൈ ഒസി’യിലെ തട്ടിപ്പ് കേസ്; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. അതേസമയം കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതികളുടെ സത്യാവസ്ഥ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് നീക്കം.

ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികള്‍ ക്യൂ ആര്‍ കോഡ് മാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതാണ് മ്യൂസിയം പൊലീസിന്റെ മുന്നിലുള്ള ഒരു പരാതി. ഇതേ വിഷയത്തില്‍ കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും പൈസ വാങ്ങിയെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടിയാണ് ജീവനക്കാരികള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതികളിലെ നിജസ്ഥിതി കണ്ടെത്തുന്നതിനുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പ്രധാനമായും ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാവരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതിനായി അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ആരോപണ വിധേയരായ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ബാങ്ക് ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും.

അതേസമയം കൃഷ്ണകുമാറിനെതിരായ തട്ടിക്കൊണ്ടുപോകല്‍ പരാതിയില്‍ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും ഉള്‍പ്പെടെ ശേഖരിച്ച് പരിശോധന നടത്താനാണ് പൊലീസ് നീക്കം. കൃഷ്ണകുമാറിന്റെ കുടുംബം പുറത്ത് വിട്ട ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. രണ്ടു കേസുകളുമായി ബന്ധപ്പെട്ട് ചില പ്രധാനപ്പെട്ട സാക്ഷിമൊഴികളും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കകം പരാതികളിലെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!