നികുഞ്ജത്തിൽ അഞ്ച് അഞ്ജനമാർ മലർക്കാവൊരുക്കുന്നു; ഇടവയില്‍ കുറ്റിക്കാട് വെട്ടിത്തെളിച്ച് മലർവാടി ഒരുക്കുകയാണ് അഞ്ച് വനിതകൾ;

നികുഞ്ജത്തിൽ
അഞ്ച് അഞ്ജനമാർ മലർക്കാവൊരുക്കുന്നു

ഇടവ : കുറ്റിക്കാട് വെട്ടിത്തെളിച്ച് മലർവാടി ഒരുക്കുകയാണ് അഞ്ച് വനിതകൾ. കാടുകയറി കിടന്ന അര ഏക്കർ പുരയിടമാണ് ഇവർ ഏറ്റെടുത്ത്, കാട് വെട്ടിത്തെളിച്ച് പൂ കൃഷിക്ക് തൈ നട്ടത്. വസ്തു ഉടമ സൗജന്യമായാണ് ഇവർക്ക് ഭൂമി, പുഷ്പ കൃഷിക്കായി വിട്ടു നൽകിയത്. കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പ് ഹൗസ് കൂടി സ്ഥാപിച്ചിട്ടുള്ള പുരിയിടമാണിത്.

അതുകൊണ്ടുതന്നെ ജലസേചന സൗകര്യത്തിനായി മറ്റെങ്ങും പോകേണ്ടതില്ല. വസ്തു ഉടമയ്ക്ക് തന്റെ വസ്തു വൃത്തിയായി കിടക്കുകയും ചെയ്യും. കുടുംബശ്രീയിലും തൊഴിലുറപ്പ് തൊഴിലാളികളായും ഹരിത കർമ്മ സേന അംഗങ്ങളായും പ്രവർത്തിക്കുന്ന വനിതകളായ അഞ്ചുപേർ ചേർന്നാണ് പൂ കൃഷിക്ക് കളമൊരുക്കിയിരിക്കുന്നത്. ധനിഷ്ക് പൂക്കാലം – എന്നാണ് ഇവർ ഇവരുടെ കൂട്ടായ്മയ്ക്ക് നൽകിയിരിക്കുന്ന പേര്.

കഴിഞ്ഞ ദിവസം രാവിലെ 2000 ചെണ്ടുമല്ലികളാണ് ഇവർ ഏറ്റെടുത്ത വസ്തുവിൽ നട്ടത്. പൂച്ചെടികളുടെ നടീൽ ഉത്സവാന്തരീക്ഷത്തിൽ ആയിരുന്നു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്.കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു.സി, വാർഡ് മെമ്പർമാരായ ജെസ്സി. ആർ, സജി കുമാർ. എസ്, സിമിലിയ തുടങ്ങിയവരോടൊപ്പം മറ്റു നിരവധി വനിതകളും ചടങ്ങിൽ പങ്കെടുത്തു.

നിലവിളക്ക് കൊളുത്തിയ ശേഷമായിരുന്നു പുഷ്പകൃഷിയുടെ നടീൽ നടന്നത്. കാട് വെട്ടിത്തെളിച്ച് പൂ കൃഷിക്കനുയോജ്യമായ തടമെടുപ്പൊക്കെ മുൻകൂറായി തന്നെ ചെയ്തിരുന്നു. മറ്റു പല ഭാഗങ്ങളിലും നടക്കുന്ന പുഷ്പ കൃഷിയുടെ വാർത്തകൾ കേട്ടും കണ്ടുമാണ് ഈ വനിതാ കൂട്ടായ്മയ്ക്കും ഇത്തരം ഒരു ആലോചന മനസ്സിൽ ഉണ്ടായത്. തുടർന്ന് ഇവർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും കൃഷിഭവൻ ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും, അവരുടെ പ്രോത്സാഹനം കൂടി ആയതോടെ, കൃഷി പ്രാവർത്തികമാക്കുകയായിരുന്നു.

ധനിഷ്ക് പൂക്കാലം – വനിതാ കൂട്ടായ്മയുടെ പുഷ്പ കൃഷിയുടെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിക്കുന്നു.

ഇടവ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കേന്ദ്രീകരിച്ചാണ് ഇവർ പൂവനി ഒരുക്കുന്നത്. ഓണക്കാലത്തെ വിളവെടുപ്പ് ലക്ഷ്യമാക്കിയാണ് ഇപ്പോൾ തൈകൾ നട്ടിരിക്കുന്നത്. വിനു മോൾ.എൽ, ദീപ മോൾ. വി , ബിജി ഹരീഷ്, ഷീജ. പി, സുനിത കുമാരി. എസ് എന്നീ വനിതകളാണ് ധനിഷ്ക് പൂക്കാലത്തിലെ അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!