ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ ഏകലോക സന്ദേശം മറ്റെന്തിനേക്കാളുമുപരി ഇന്നത്തെ കാലഘട്ടത്തിനാവശ്യമാണ്. മനുഷ്യ ജീവിതത്തില്‍ ഭേദചിന്തകളെ കൊണ്ട് നീറുന്ന സമൂഹത്തിന് സമാശ്വാസം പകരുവാന്‍ മനുഷ്യത്വ ദര്‍ശനം കൊണ്ടേ സാധിക്കൂ. ഗുരുദേവന്‍ മതത്തിനുപരി മനുഷ്യനെ സ്നേഹിച്ച മഹാത്മാവാണ് എന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. ഗുരുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് ഒരു വിശ്വപൗരനായി മാറിയ മഹത് വ്യക്തിയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്‍റില്‍ ഗുരുദേവന്‍റെ അരുവിപ്പുറം സന്ദേശ ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്

ഈ നാലുവരികള്‍ പച്ച മലയാളത്തില്‍ ചൊല്ലി ഗുരുദേവനോട് ആദരവുളവാക്കിയ മഹാനാണ് അദ്ദേഹം. അതിനാലാണ് സര്‍വ്വമതസമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെ ത്തിയ രാംനാഥ് കോവിന്ദ് ഞങ്ങളുടെ അഭിമാന ഭാജമായി മാറിയിരിക്കുന്നു എന്ന് പറഞ്ഞത്.

ഗുരുദേവദര്‍ശനം 21-ാം നൂറ്റാണ്ടിലെന്ന പേരില്‍ താനെഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് ഡോ. മനോജ് മൊഴിമാറ്റം നടത്തിയത് രാംനാഥ് കോവിന്ദ് സന്ദര്‍ഭോചിതമായി വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് ധര്‍മ്മസംഘം അദ്ദേഹത്തോട് നന്ദി അറിയിച്ചു. ഗുരുദേവ കൃതികളും വ്യാഖ്യാനവും പഠനങ്ങളും അടങ്ങിയ പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിച്ചു.

മഹാസമാധിയിലും വൈദിക മഠത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് സമ്മേളന വേദിയിലെത്തിയത്. സമാധിയില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി പരാനന്ദ, സ്വാമി അസംഗാനന്ദഗിരി , സ്വാമി അമേയാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി പ്രബോധതീര്‍ത്ഥ , സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിരജാനന്ദ ഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ദേശികാനന്ദയതി, ശ്രീനാരായണ ദാസ്, സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി ദിവ്യാനന്ദഗിരി, ബ്രഹ്മചാരികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

