
കോതമംഗലത്തെ അൻസിലിനെ വിഷം കൊടുത്ത് കൊന്നത് പെൺസുഹൃത്ത് അദീന ,നൽകിയത് പാരക്വിറ്റ്, ഗ്രീഷ്മക്കേസിലെ അതേ കീടനാശിനി

കൊച്ചി: കോതമംഗലം മാതിരപ്പളിയിൽ
ആൺസുഹൃത്തിനെ യുവതി കീടനാശിനി കൊടുത്ത് കൊലപ്പെടുത്തിയത് മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ,മേലേത്തുമാൽ സ്വദേശി അൻസിലുമായി അദീന
അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കവും
നിലനിന്നിരുന്നുവെന്നാണ് വിവരം. അൻസിലിനെ ചേലാട് സ്വദേശി അദീന വിഷംകൊടുത്ത്
കൊല്ലുകയായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ഷാരോൺ വധക്കേസിൽ പ്രതി
ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയ പാരക്വിറ്റ്
എന്ന അതേ കീടനാശിനിയാണ് അദീന അൻസിലിന്
നൽകിയത്. എന്നാൽ എന്തിൽ കലർത്തിയാണ് ഇത്
നൽകിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയിൽ
നിന്നാണ് കീടനാശിനി വാങ്ങിയതെന്നും
വ്യക്തമായിട്ടുണ്ട്.

അൻസിൽ ഉൾപ്പെടെ നിരവധി
യുവാക്കളുമായി അദീനയ്ക്ക് അടുപ്പമുണ്ടായിരുന്നു.
ഒറ്റയ്ക്ക് താമസിക്കുന്ന അദീനയെ കാണാൻ അവരുടെ
വീട്ടിൽ എത്തുകയും തങ്ങുകയും ചെയ്യുമായിരുന്നു
അൻസിൽ.

അടുത്തിടെയാണ് മറ്റൊരു യുവാവുമായി അദീന
അടുപ്പത്തിലായത്. ഇയാൾ ഇപ്പോൾ ജയിലിൽ
കഴിയുകയാണ്. അടുത്ത് തന്നെ അയാൾ
പുറത്തിറങ്ങും. ഈ ബന്ധത്തിന് ഒരു
തടസ്സമാകാതിരിക്കാനാണ് അൻസിലിനെ അദീന
കൊലപ്പെടുത്തിയത്. അൻസിലിനെ ഇക്കഴിഞ്ഞ
മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം
നൽകുകയായിരുന്നു. അൻസിൽ ഒരിക്കൽ
വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി
ഭീഷണിപ്പെടുത്തിയിരുന്നു എന്നും
സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അദീനയുടെ
വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനി
ലഭിച്ചിട്ടുണ്ട്.

അവശനിലയിൽ രാജഗിരി ആശുപത്രിയിൽ
ചികിത്സയിലിരിക്കെ ഇന്നലെ
വൈകിട്ടോടെയായിരുന്നു അൻസിൽ മരിച്ചത്.
പെൺസുഹൃത്തായ അദീന വിഷം
കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അൻസിൽ
മൊഴി നൽകിയിരുന്നുവെന്നാണ് അറിയുന്നത്.
അദീന വിഷം വാങ്ങിയതിന്റെ തെളിവുകൾ
പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന്
കസ്റ്റഡിയിലെടുത്ത് വിശദമായി
ചോദ്യംചെയ്തതോടെ കുറ്റം
സമ്മതിക്കുകയായിരുന്നു.

അൻസിൽ വിഷം കഴിച്ച് തന്റെ വീട്ടിൽ കിടപ്പുണ്ടെന്ന്
അദീന തന്നെയാണ് അൻസിലിന്റെ വീട്ടിൽ
വിളിച്ചുപറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ
പൊലീസ് അൻസിലിനെ ആശുപത്രിയിലേക്ക്
കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു
ബന്ധുവും ആംബുലൻസിൽ കയറി. തന്നെ
ചതിച്ചെന്നും വിഷം നൽകിയെന്നും അൻസിൽ ഈ
ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസിൽ
നിർണായകമായത്. നിന്റെ മകനെ വിഷം കൊടുത്ത്
കൊല്ലുമെന്ന് അദീന അൻസിലിന്റെ ഉമ്മയോട്
പറഞ്ഞതായും അയാൾ പറയുന്നു.

