നാടൻകലകളാൽ സമ്പന്നമായി ഉത്രാടദിനം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് കവാടം, തിരുവരങ്ങ്, സോപാനം, അകത്തളം വേദികളിൽ വിവിധ നാടൻകലകൾ അരങ്ങേറി. തിരുവരങ്ങ് വേദിയിൽ ഷൊർണൂരിലെ കൂനത്തുറ തോൽപ്പാവക്കൂത്ത് സംഘം അവതരിപ്പിച്ച നിഴൽപ്പാവകൂത്ത് കാണികളിൽ കൗതുകമുണർത്തി.



1981 മുതൽ തിരുവനന്തപുരത്ത് തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചിട്ടുള്ള വിശ്വനാഥ പുലവരും കുടുംബവും ഇത്തവണയും തോൽപ്പാവക്കൂത്തിൽ ചില പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. നൂറോളം പാവകളും എട്ട് കലാകാരന്മാരും ചേർന്ന നിഴൽപ്പാവകൂത്തിൽ ദാരികൻ ഭദ്രകാളി യുദ്ധത്തിന്റെ കഥയാണ് അവതരിപ്പിച്ചത്. ഇരുപത്തിയൊന്ന് എണ്ണവിളക്കുകളാണ് വെളിച്ചത്തിനായി ഉപയോഗിച്ചത്. മീശമാധവൻ, പർദ്ദ തുടങ്ങിയ സിനിമകളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ച സംഘമാണ് തിരുവരങ്ങ് വേദിയിൽ കുട്ടികൾക്കും മുതിർന്നവർക്കും കൗതുകം തീർത്തത്.

തിരുവരങ്ങ് വേദിയിൽ കേരള രിഫാരിയ മാപ്പിള കലാ സെന്റർ ദഫ് മുട്ട് അവതരിപ്പിച്ചു. തുടർന്ന് വിശ്വകലാ കേന്ദ്രം അവതരിപ്പിച്ച ഓട്ടൻ തുള്ളൽ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി.


സോപാനം വേദിയിൽ മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം പ്രമേയമാക്കി വിഷൻ ഓഫ് ലൈഫ് പപ്പെറ്റ് ഡ്രാമ സംഘത്തിന്റെ പാവനാടകം കാണികൾക്ക് മികച്ച ദൃശ്യാനുഭവം നൽകി. പത്ത് വർഷത്തെ അനുഭവപാരമ്പര്യമുള്ള സുനിൽ പട്ടിമറ്റമാണ് പാവനാടകത്തിന്റെ കഥയും തിരക്കഥയും ചെയ്തത്. കലാമണ്ഡലം പ്രഭാകരൻ, അരുൺ ആർ കുമാർ സംഘത്തിന്റെയും ശീതങ്കൻ തുള്ളൽ, പണയിൽ ഗോപാലകൃഷ്ണൻ അവതരിപ്പിച്ച വേലകളി തുടങ്ങിയവ പുതുതലമുറയ്ക്ക് നവ്യാനുഭവമായി.

കനകക്കുന്ന് കൊട്ടാരത്തിലെ അകത്തളത്തിൽ അക്ഷരശ്ലോക സദസ്സ്, തിരുവനന്തപുരം മാർഗിയുടെ നേതൃത്വത്തിൽ ഉത്തരാസ്വയംവരം കഥകളി എന്നിവ അരങ്ങേറി.

കനകക്കുന്ന് കവാടത്തിലെ ക്ഷേത്രവാദ്യ കലാമണ്ഡലം അവതരിപ്പിച്ച പഞ്ചാരിമേളം, ക്ഷേത്രവാദ്യ കലാസമിതി അവതരിപ്പിച്ച പഞ്ചവാദ്യവും ഓണാഘോഷത്തിനായി കനകക്കുന്നിലേക്ക് എത്തിയവരെ ആവേശഭരിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!