പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ് ; ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസിന്റെ നുണക്കഥ

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ കുടുക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍.

പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്‌നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂര്‍ക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവകുമാറും അറിഞ്ഞിരുന്നു എന്നും രാത്രിയില്‍ ശിവകുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയില്‍ വ്യക്തമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

മോഷണക്കേസില്‍ യുവതിയെ കുടുക്കാന്‍ ശ്രമിച്ച പേരൂര്‍ക്കട എസ് എച്ച് ഒ ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു പൊട്ടിച്ചാല്‍ സത്യം പറയുമെന്ന് എസ്എച്ച്ഒ പറഞ്ഞതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. എസ്എച്ച്ഒ ശിവകുമാറിനെതിരെ നടപടി വേണം. കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കിയേനെയെന്നും ബിന്ദു പറഞ്ഞു.

ജോലിക്കു നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയില്‍ നിന്നും കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

പൊലീസിന് നാണക്കേടായ സംഭവത്തില്‍ എസ്‌ഐയെയും എഎസ്‌ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. പൊലീസ് പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിന്ദു നല്‍കിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!