
ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവഗിരിയിലെ വിദ്യാദേവത ശ്രീ ശാരദാദേവി സന്നിധിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദീപം തെളിഞ്ഞു. ഇനിയുള്ള ദിനങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെ വിജ്ഞാനപ്രദവും നയനമനോഹരവുമായ വിവിധയിനം കലാപരിപാടികളും ഭക്തിഗാനസദസ്സുകളും സംഗീതാര്‍ച്ചനകളും കഥാപ്രസംഗങ്ങളും ഉണ്ടാകും. ഒക്ടോബര്‍ 2 ന് വിദ്യാരംഭദിനം വരെ പരിപാടികള്‍ തുടരും.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയാണ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തത്.


ഗുരുദേവന്‍ കലാസാഗരമായിരുന്നുവെന്നും ഗുരുവിന്‍റെ കൃതികളില്‍ സംഗീതത്തിലെ മാത്രകള്‍ നിറഞ്ഞുനില്‍ക്കുന്നതായും പാടി പതിഞ്ഞ പല സംഗീതജ്ഞരെയും ഗുരുദേവ കൃതികള്‍ ഏറെ ആകര്‍ഷിച്ചിരുന്നുവെന്നും സ്വാമി പറഞ്ഞു. കവിയൂര്‍ രേവമ്മയെ പോലുള്ള നിരവധി ഗായകര്‍ ആലപിച്ച ഗുരുദേവ കൃതികള്‍ എക്കാലവും ശ്രദ്ധിക്കപ്പെടുന്നുവെന്നും സ്വാമി പറഞ്ഞു. ശിവഗിരി ശാരദാദേവി പ്രതിഷ്ഠയെ തുടര്‍ന്ന് നവരാത്രി വേളകളില്‍ വര്‍ഷംതോറും സംഗീതാര്‍ച്ചനയും മറ്റു കലകളും നടന്നുപോന്നു. ഏതാനം വര്‍ഷമായി നവരാത്രി ആഘോഷം വിപുലമായി സംഘടിപ്പിക്കാന്‍ ആയതിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടേറെ കലാപ്രതിഭകള്‍ക്ക് ശാരദാദേവി സന്നിധിയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും നവാഗതര്‍ക്ക് അരങ്ങേറ്റം കുറിക്കുന്നതിനും അവസരം ഒരുക്കുകയാണ് ശിവഗിരി മഠം ചെയ്തുവരുന്നത്. ഇത് തുടര്‍ന്നു പോരുമെന്നും സച്ചിദാനന്ദ സ്വാമി അറിയിച്ചു.

ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സ്വാമി ശാരദാനന്ദ , ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, രജിസ്ട്രാര്‍ കെ.ടി.സുകുമാരന്‍, ശിവഗിരി മഠം പി.ആര്‍.ഒ. ഇ. എം. സോമനാഥന്‍, നവരാത്രി ആഘോഷ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ അജയകുമാര്‍.എസ്. കരുനാഗപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രസിദ്ധ സിനിമ സംവിധായകന്‍ ദീപു കരുണാകരന്‍ നവരാത്രി ദീപം തെളിച്ചു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.


സ്വാമി ശിവനാരായണ തീര്‍ത്ഥ , സ്വാമി സുകൃദാനന്ദ , സ്വാമി കൃഷ്ണാനന്ദ , ആഘോഷ കമ്മിറ്റി കണ്‍വീനര്‍ സ്വാമി വിരജാനന്ദ തുടങ്ങിയവരും പങ്കെടുത്തു.



