സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിക്കാന്‍ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയര്‍മാനായി നിയമിച്ചു. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാഞ്ചീവരം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2007ല്‍ ലഭിച്ചു. ഏഴ് തമിഴ്നാട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ അദ്ദേഹം 2010ല്‍ സംവിധാനം ചെയ്ത കന്നട ചിത്രം നാനു നാന്ന കനസു വന്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ അഭിനയിച്ചുവരുന്ന പ്രകാശ് രാജ് 31 വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ സജീവസാന്നിധ്യമാണ്.

അന്തിമ വിധിനിര്‍ണയ സമിതിയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്. 128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ആറിന് രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!