വർക്കലയിൽ ഉൾപ്പെടെ  ജില്ലയിൽ രണ്ടാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.



ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്തിഷ്കജ്വരം ബാധിച്ചത്.

കെട്ടിടത്തിൽനിന്നു വീണ് കാലിനു പരിക്കേറ്റതിനെത്തുടർന്ന് കെട്ടിടനിർമാണത്തൊഴിലാളിയായ കൊടുമൺ സ്വദേശിയെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പ്രമേഹരോഗികൂടിയായ ഇയാളുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആദ്യഘട്ടത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റേതായ ലക്ഷണങ്ങളൊന്നും കാട്ടിയിരുന്നില്ലെങ്കിലും പിന്നീടു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.



ചൊവ്വാഴ്ച ഇതുസംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ആറ്റിങ്ങൽ നഗരസഭയ്ക്കും വലിയകുന്ന് താലൂക്കാശുപത്രിക്കും ലഭിച്ചതായി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രമ്യാ സുധീർ പറഞ്ഞു. ഇയാളുടെ താമസസ്ഥലവും പരിസരവും നഗരസഭയിലെ ആരോഗ്യവിഭാഗം ചൊവ്വാഴ്ച പരിശോധിച്ചു. നിലവിൽ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

വർക്കല : ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ
പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!