ഇടുക്കി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അർജുനെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ. പ്രതിക്ക് കോടതി നോട്ടീസ് അയച്ചു. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതിയെ പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു.

അർജുനെതിരെ പോലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയത്.

