ശബരിമല സ്വർണക്കവർച്ച കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്കുമാർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം റാന്നികോടതിയിൽ ഹാജരാക്കും. പോറ്റിയുടെ സുഹൃത്തുo ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയും മഹസറിൽ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കവരാൻ അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കെന്നാണ് നിഗമനം. എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. 2019ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശുപാർശ ബോർഡിന് നൽകിയത്.

സ്വർണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും, പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാരായിരുന്നു. സ്വർണം കവരാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സഹായം ചെയ്തെന്നാണ് നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായിയായിരുന്ന സി കെ വാസുദേവനെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!