ഇടവ : തന്റെ പെട്ടിക്കടയിൽ മോഷണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പോലീസിൽ പരാതി നൽകാതെ കടയുടമ. ഇടവ പാറയിൽ മേലാട്ടു വിളയിൽ ശരത് ചന്ദ്രൻ നായരുടെ, പാറയിൽ എൻഎസ്എസ് കരയോഗത്തിന് മുന്നിലുള്ള പെട്ടിക്കടയിൽ നാലു ദിവസങ്ങൾക്കു മുൻപാണ് മോഷണം നടന്നത്. ഓട് പൊളിച്ച് ഇറങ്ങിയ മോഷ്ടാവ്, കടയുടെ മുകൾ ഭാഗത്തുള്ള തടിത്തട്ട് പൊളിച്ചാണ് ഉള്ളിൽ പ്രവേശിച്ചത്.

കടയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന സ്റ്റേഷനറി- പലവ്യഞ്ജന സാധനങ്ങളാണ് കള്ളൻ മോഷ്ടിച്ചത്. ബൂസ്റ്റ്, ഹോർലിക്സ്, സിഗരറ്റ്, വിവിധയിനം സോപ്പുകൾ, ലെയ്സ് തുടങ്ങിയ വിവിധ സാധനങ്ങൾ കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയി. കടയിൽ പൈസയൊന്നും സൂക്ഷിക്കാത്തതിനാൽ കള്ളന് പണമൊന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല. ഉദ്ദേശം അയ്യായിരത്തോളം രൂപയുടെ സാധനസാമഗ്രികളാണ് മോഷ്ടിക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് കടയിൽ മോഷണം നടക്കുന്നത്.

മോഷണം നടന്നു വിവരം പോലീസിൽ അറിയിച്ചില്ല. പോലീസിൽ പരാതി നൽകി, പോലീസിനെ സ്ഥലത്തു കൊണ്ടുവരണമെങ്കിൽ, അതിനായി പണം ചെലവാക്കണമെന്നാണ് കടയുടമ പറയുന്നത്. യാതൊരു പ്രയോജനവും ഇല്ലാത്ത ഈ പരിപാടിക്കായി എന്തിനാണ് പണം ചിലവാക്കുന്നത്. പോയതോ പോയി, ഇനി പോലീസിന് കൂടി പൈസ ചിലവാക്കാൻ തന്റെ കയ്യിലില്ല എന്നാണ് ശരത് ചന്ദ്രൻ നായരുടെ അഭിപ്രായം. മുൻപ് മോഷണം പോയപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് യാതൊന്നും ചെയ്തില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

ജംഗ്ഷനിൽ മറ്റു കടകളൊക്കെയുണ്ടെങ്കിലും, തന്റെ കടയിൽ മാത്രമാണ് മോഷണം നടന്നിരിക്കുന്നത്. മുൻപ് മോഷണം നടക്കുമ്പോൾ മോഷ്ടാക്കൾ മറ്റു കടകളിലും കയറിയിരുന്നു. മുൻപൊക്കെ, വല്ലപ്പോഴുമെങ്കിലും ഈ പ്രദേശത്ത് പോലീസ് പെട്രോളിങ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ പാറയിൽ പ്രദേശത്ത് പോലീസ് തിരിഞ്ഞു നോക്കാറേയില്ല.

നാലു ദിവസങ്ങൾക്കു മുൻപ് ഇവിടെ പല വീടുകളിലും കള്ളൻമാർ കയറിയതായി വീട്ടുകാർ തന്നെ പറയുന്നു. ലൈറ്റിട്ട് ബഹളമുണ്ടാക്കിയപ്പോൾ കള്ളന്മാർ കടന്നുകളഞ്ഞതായും പറയുന്നു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ആരും പോലീസിൽ പരാതിപ്പെടാനും തയ്യാറായിട്ടില്ല. ഈ ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മോഷ്ടാക്കൾക്ക് കൂടുതൽ സൗകര്യവും ആകുന്നുണ്ട്.

