കലോത്സവ വേദിയിലെ ഒപ്പന മത്സരത്തിനെതിരെ പരാതി പ്രളയം. ഒപ്പന നടക്കുന്ന ടൗൺ ഹാളിലെ വേദിയിൽ സൗകര്യങ്ങൾ ഇല്ലന്നാണ് പരാതി. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ പോലും ഗ്രീൻ റൂമിൽ സൗകര്യമില്ലെന്നും പരാതിക്കാർ പറയുന്നു. സംഘാടനത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. വേദിയും സദസ്സും കാണികളെ കൊണ്ട് നിറഞ്ഞതോടെ നിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥിതിയുണ്ടെന്നും ഇവർ പരാതിപ്പെടുന്നു.

അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പോയിൻ്റ് നില മാറി മറിയുകയാണ്. 577 പോയിന്റുകൾ നേടി മേളയിൽ ആധിപത്യം തുടരുകയാണ് കണ്ണൂർ. നില മെച്ചപ്പെടുത്താൻ കഴിഞ്ഞ വർഷം ജേതാക്കളായ കോഴിക്കോടും നഷ്ടപ്പെട്ട കപ്പ് തിരികെ പിടിക്കാൻ പാലക്കാടും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. 562 പോയിന്റുകളോടെ കോഴിക്കോടും 560 പോയിന്റുകളോടെ പാലക്കാടും തൊട്ടുപിന്നാലെയുണ്ട്. കലോത്സവം അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ കൊല്ലത്തെ കലോത്സവ വേദികളിൽ പ്രതിഭകളുടെ പോരാട്ടം കടുക്കുമെന്നുറപ്പ്.

