നോര്‍ക്ക-ഡെന്മാർക്ക് റിക്രൂട്ട്മെന്റ് കരാര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി

കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ ഡെന്‍മാര്‍ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറിയത്.

ചടങ്ങില്‍ ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസിഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ എന്നിവര്‍ സംബന്ധിച്ചു. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്‌സ് എന്നീ പ്രൊഫെഷനുകളിലേയ്ക്കാണ് റിക്രൂട്മെന്റ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ബി 2 ലെവല്‍ വരെയുളള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

കരാര്‍ നടപടികള്‍ക്കായി ഡെന്‍മാര്‍ക്കില്‍ നിന്നുളള എട്ടംഗ മന്ത്രിതല പ്രതിനിധി സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മിനിസ്റ്റീരിയൽ സെക്രട്ടറി ഫീ ലിഡാൽ ജോഹാൻസൻ, സീനിയർ അഡ്വൈസർ എസ്പൻ ക്രോഗ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസിയില്‍ നിന്നും ഹെഡ് ഓഫ് സെക്ടർ പോളിസി എമിൽ സ്റ്റോവ്രിംഗ് ലോറിറ്റ്സൻ, ഹെൽത്ത് കൗൺസിലർ ലൂയിസ് സെവൽ ലുണ്ട്സ്ട്രോം, പ്രോഗ്രാം ഓഫീസർ നികേത് ഗെഹ്‌ലാവത് എന്നിവരാണ് പ്രതിനിധിസംഘത്തിലുളളത്.

കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കരാര്‍ നടപടികള്‍ക്കു ശേഷം ഉച്ചകഴിഞ്ഞ് തൈക്കാട് ലെമണ്‍ ട്രീ ഹോട്ടലില്‍ (ടാൻജറിൻ 3 ആർ ഫ്ലോർ) കേരള–ഡെൻമാർക്ക് ഹെൽത്ത്‌കെയർ റിക്രൂട്ട്മെന്റ് പാർട്ണർഷിപ്പ് മീറ്റും ചേര്‍ന്നു. കരാറിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മീറ്റില്‍ ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!