ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും, ഇരുവരെയും ഒരേസമയം SIT ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും SIT ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരേ സമയമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടിയുടെ ഈ നിർണായക നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അടൂർ പ്രകാശ് വിശദീകരിക്കേണ്ടി വരും.

ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. എന്നാൽ തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!