കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായര്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം :  സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍പേഴ്‌സണായി  വീണ്ടും  കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായരെ  തെരെഞ്ഞടുത്തു.  സംസ്ഥാന സഹകരണ യൂണിയന്‍ ആസ്ഥാനത്തു നടന്ന   പ്രഥമ ഭരണസമിതി യോഗമാണ് ഏകകണ്ഠേന  കോലിയക്കോട്.എന്‍.കൃഷ്ണന്‍ നായരെ ചെയര്‍പേഴ്‌സണായി  തെരഞ്ഞെടുത്തത്.  സഹകരണ യൂണിയന്‍ ബോര്‍ഡിലേക്ക് കഴിഞ്ഞ ദിവസം നടന്ന ( 7-2-2026) തെരെഞ്ഞടുപ്പില്‍ ഇടത് അംഗങ്ങള്‍ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടിരുന്നു.  നിലവില്‍  സംസ്ഥാന സഹകരണ യൂണിയന്റെ ചെയര്‍പേഴ്‌സണായി  പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം തെരെഞ്ഞടുപ്പിലൂടെ ചെയര്‍പേഴ്‌സനാകുന്നത് .സഹകരണ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2024ല്‍ സംസ്ഥാന സര്‍ക്കാര്‍ റോബര്‍ട്ട് ഓവന്‍ പുരസ്‌ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ദേശീയ സഹകരണ യൂണിയന്‍ ഗവേണിംഗ് കൗണ്‍സില്‍  അംഗവും, കേരളത്തിലെ മുതിര്‍ന്ന സഹകാരിയും, കര്‍ഷക സംഘം നേതാവും, സി.പി.ഐ(എം) മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. വാമനപുരം മണ്ഡലത്തെ 5 തവണ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം മികച്ച സാമാജികനായും പേരെടുത്തിട്ടുണ്ട്.നിലവില്‍ കേരള സഹകരണ ക്ഷേമനിധി ബോര്‍ഡ്, സഹകരണ എംപ്ലോയിസ് വെല്‍ഫെയര്‍ ബോര്‍ഡ്, സഹകരണ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് എന്നിവയുടെ ഭരണ സമിതി അംഗമാണ്. കേരള    അഗ്രികള്‍ച്ചറല്‍  കോപ്പറേറ്റീവ് സ്റ്റാഫ് ട്രയിനിംഗ് ഇന്‍സ്റ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരുന്നു.

കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍  2016 ഓക്ടോബറില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായാണ് സംസ്ഥാന സഹകരണ യൂണിയന്റെ ഭരണ നേതൃത്വത്തില്‍ എത്തിയത്.  അന്ന്  യൂണിയന്റെ സഞ്ചിത നഷ്ടം 18 കോടിയായിരുന്നു. കഴിഞ്ഞ 9 വര്‍ഷം കൊണ്ടു സഞ്ചിത നഷ്ടം ഇല്ലാതാക്കി മിച്ച ബജറ്റുള്ള സ്ഥാപനമാക്കി യൂണിയനെ  ഉയര്‍ത്തി.  സഹകരണ വിദ്യാഭ്യാസ പരിശീലന മേഖലകളില്‍ ഹൈടെക് പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്ന അദ്ദേഹം  സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, എച്ച ഡി സി , ജെ ഡി സി , പ്രവേശന- പരീക്ഷ നടപടികള്‍ പൂര്‍ണമായും  ഓണ്‍ലൈന്‍ ആക്കി.  ഇതു  വഴി സഹകരണ അക്കാദമിക് രംഗത്ത് വലിയ മാറ്റമാണ് കൊണ്ടു വന്നത്. നെയ്യാര്‍ഡാമിലെ കിക്മ കേന്ദ്രമാക്കി  ഒരു ഗവേഷണ സ്ഥാപനം ആരംഭിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

1959 ല്‍ പൂലന്തറ ക്ഷീര വ്യവസായ സംഘത്തിന്റെ  പ്രസിഡന്റ് ആയാണ് കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍  സഹകരണ രംഗത്ത് എത്തുന്നത്. 1965ല്‍ മാണിക്കല്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. കോണ്‍ഗ്രസ് ബോര്‍ഡിലെ ഏക സി പി ഐ. ( എം) പ്രതിനിധിയായിരുന്നു.  1969ലെ തെരഞ്ഞെടുപ്പില്‍ സംഘത്തിന്റെ പ്രസിഡന്റായി. ലിക്യൂഡേഷന്‍ ഘട്ടത്തില്‍ ആയിരുന്ന മാണിക്കല്‍ സര്‍വീസ് സഹകരണസംഘത്തെ  വര്‍ഷങ്ങളുടെ കഠിനദ്ധ്വാനത്തില്‍ മികച്ച സംഘമായി ഉയര്‍ത്തി.

1980ല്‍ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലും 1989ല്‍ പാലോട് കാര്‍ഷിക വികസന ബാങ്കിലും  1990 സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെയും പ്രസിഡന്റായി. ഭൂപണയ ബാങ്കിനെ  ഇന്നത്തെ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ആക്കി മാറ്റിയതും ഈ ബാങ്കിന് ഭവന വായ്പ പദ്ധതി ആരംഭിക്കാന്‍ അനുമതി നേടി എടുത്തതും   കോലിയക്കോട് എന്‍ കൃഷ്ണന്‍  നായരുടെ കാലഘട്ടത്തിലാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഇതിനിടയില്‍ 16 കൊല്ലം  കേരള യൂണിവേഴ്‌സിറ്റി സെനറ്റിലും 6 കൊല്ലം സിന്‍ഡിക്കേറ്റിലും അംഗമായിരുന്നു.


  തെരെഞ്ഞടുക്കപ്പെട്ട മറ്റ് ഭരണസമിതി അംഗങ്ങള്‍

ജില്ലാ തല പ്രതിനിധികള്‍- കെ.രാജഗോപാല്‍ (കൊല്ലം), പി. ആര്‍ പ്രസാദ്  (പത്തനംതിട്ട), എ.ഡി.കുഞ്ഞച്ചന്‍ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണന്‍ (കോട്ടയം), എം ഐ ബീരാസ്  (എറണാകുളം), സതീഷ് ചന്ദ്രന്‍ (ഇടുക്കി), പി ആര്‍ വര്‍ഗീസ് മാസ്റ്റര്‍  (തൃശ്ശൂര്‍), ഇ.എന്‍.രവീന്ദ്രന്‍ (പാലക്കാട്), പി ജ്യോതിബാസ് (മലപ്പുറം ) ,
എന്‍.കെ.രാമചന്ദ്രന്‍ (കോഴിക്കോട്), വി.വി.ബേബി (വയനാട്), റ്റി. അനില്‍ (കണ്ണൂര്‍)
അപ്പക്സ് സഹകരണ സംഘങ്ങളുടെ വിഭാഗം : കെ കെ ലതിക  (കോഴിക്കോട്),
കേരള ബാങ്ക് പ്രതിനിധികള്‍
പി ഗഗാറിന്‍ ( വയനാട്  )
പി ഗാനകുമാര്‍

സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി ഷിബു പി (കൊല്ലം ), വനിതാ വിഭാഗം-ലളിത ചന്ദ്രശേഖരന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം – ഉഷ എം (  കാസര്‍ഗോഡ് ).  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!