ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. നാളെ രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും.

സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കും.

ഗതാഗതം: ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ പങ്കെടുക്കും. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!